Kerala
തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള് ചര്ച്ച ചെയ്യാന് ഓണ്ലൈനായി ചേര്ന്ന ഉന്നതതലയോഗത്തിലെ പ്രധാന നിര്ദേശങ്ങൾ
► കുടിവെള്ള ലഭ്യത ഉറപ്പാക്കാന് വാട്ടര് അഥോറിറ്റിയും ജലവിഭവ വകുപ്പും അടിയന്തര നടപടിയെടുക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തില് ഏകോപനം ഉണ്ടാകണം.
► തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കണം. താപനില, മഴ, ആര്ദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങള് വാര്ഡ് അടിസ്ഥാനത്തില് ശേഖരിക്കാനും പ്രാദേശികമായി പ്രദര്ശിപ്പിക്കാനും കാലാവസ്ഥ സാക്ഷരത സൃഷ്ടിക്കാനുമാകണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില് നിന്ന് ഇതിനായി പണം അനുവദിക്കും.
► മഴ മാപിനി സ്ഥാപിക്കാനായി ദുരന്ത നിവാരണ അഥോറിറ്റി ഈ മണ്സൂണിന് മുന്പേ നടപടി പൂര്ത്തീകരിക്കണം. ഫ ണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ കവചം സംവിധാനത്തിന്റെ പ്രവര്ത്തനക്ഷമത ഉറപ്പാക്കണം. സൈറണ് പ്രവര്ത്തിപ്പിക്കാനുള്ള ബാറ്ററികള്, മറ്റ് സാങ്കേതിക കാര്യങ്ങള് എന്നിവ പ്രവര്ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. സ്കൂളുകളിലെ കാലാവസ്ഥാ മാപിനികളുടെ പ്രവര്ത്തനം അടുത്ത തലത്തിലേക്ക് ഉയര്ത്തണം. ദുരന്ത സാധ്യത കൂടിയ ഇടങ്ങളില് ഓട്ടോമാറ്റിക് മാപിനികള് കൂടി സ്ഥാപിക്കണം.
► തെരഞ്ഞെടുത്ത ആശുപത്രികളില് നൂതന സൗകര്യത്തോടു കൂടിയ സ്ഥിരം ഹീറ്റ് ആന്ഡ് ബേണ് ക്ലിനിക്ക് സ്ഥാപിക്കണം.
► അങ്കണവാടികളെ താപ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റണം. കൂള് റൂഫ്, വെന്റിലേഷന് തുടങ്ങിയവ ഉറപ്പ് വരുത്തിയാകും ഇത് ചെയ്യുക. ആവശ്യമായ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.
► ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റാന് നടപടി സ്വീകരിക്കണം. വരും വര്ഷങ്ങളിലും ചൂട് വര്ധിക്കുമെന്ന പ്രവചനം ഗൗരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് പ്രാദേശിക ഹീറ്റ് ആക്ഷന് പ്ലാന് തയാറാക്കണം. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയില് (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.
► വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കുമെന്നതിനാല് വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാന് കെഎസ്ഇബി ശ്രമിക്കണം. എസി ഉപയോഗം ഇനിയും വര്ധിക്കാനുള്ള സാധ്യത മുന്നില് കണ്ട് ആസൂത്രണം നടത്തണം.
► ചൂട് അധികമായതിനാല് ഇഴജന്തുക്കള് തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകള് കയറാതിരിക്കാന് ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാല് സമയോചിതമായ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കണം. കൂടുതല് ആരോഗ്യകേന്ദ്രങ്ങളില് ആന്റിവെനം ലഭ്യമാക്കണം.
► പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം ജനങ്ങള്ക്ക് ലഭ്യമാക്കണം. സ്നേക്ക് റെസ്ക്യൂവേഴ്സിന്റെ സേവനം വനം വകുപ്പ് ഉറപ്പുവരുത്തണം.
► വേനല്കാലത്ത് അമീബിക് മസ്തിഷ്ക്കജ്വരം വര്ധിക്കാന് സാധ്യതയുള്ളതിനാല് ശുദ്ധമല്ലാത്ത വെള്ളത്തില് കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയവ ഒഴിവാക്കണം. ജലസംഭരണികള് വൃത്തിയാക്കണം, മാലിന്യം ഒഴുകുന്നത് തടയണം.
► അത്യാവശ്യ ഘട്ടങ്ങളില് തീരുമാനങ്ങളെടുക്കാന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Leader Page
ഒരു സമൂഹത്തിന്റെ അവകാശങ്ങൾ ഉറപ്പാക്കാൻ അതിന്റെ കാലാകാലങ്ങളിലുള്ള അവസ്ഥ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിൽ ക്രൈസ്തവ സമുദായത്തിനുവേണ്ടി നടന്ന അത്തരത്തിലുള്ള ഒരു രേഖപ്പെടുത്തലിനെക്കുറിച്ചാണ് പറയുന്നത്.
കേരള സർക്കാരിന്റെ 05-11-2020-ലെ ഉത്തരവനുസരിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ രൂപീകരിച്ച് കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ-സാമ്പത്തിക അവസ്ഥകൾ സമഗ്രമായി പഠിക്കാൻ ചുമതലപ്പെടുത്തി. കമ്മീഷൻ വിശദമായ പഠനവും വിശകലനവും നടത്തി 17-05-2023ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ അത് തത്വത്തിൽ അംഗീകരിച്ച് 26-02-2026ന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാർ ഡോക്യുമെന്റ് പോർട്ടലിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്; https://document.kerala.gov.in/documents/cabinetdecisions/cabinet2802202612:04:52.pdf
420 പേജുള്ള ഈ റിപ്പോർട്ട് നൂറുകണക്കിന് ശിപാർശകൾ ഉൾക്കൊള്ളുന്ന സമഗ്ര പഠനരേഖയാണ്. കമ്മീഷന്റെ സിറ്റിംഗിനിടെ വിവിധ മാർഗങ്ങളിലൂടെ 4,45,500 നിവേദനങ്ങൾ ലഭിക്കുകയും അവയെല്ലാം പരിഗണിക്കുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള രേഖകളും പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും സഭാകേന്ദ്രങ്ങളും നൽകിയ തെളിവുകളും ഈ പഠനത്തിന്റെ വ്യാപ്തിയും വിശ്വാസ്യതയും വ്യക്തമാക്കുന്നു. റിപ്പോർട്ട് 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളും ഉൾക്കൊള്ളുന്നു.
മുമ്പ് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പഠിക്കാൻ 2005ൽ ജസ്റ്റീസ് രജീന്ദർ സച്ചാർ അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയമിക്കുകയും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2007ൽ കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി വഴി ശിപാർശകൾ മുൻഗണനാക്രമമുണ്ടാക്കി നടപ്പാക്കി എന്നതും ശ്രദ്ധേയമായ ഒരു പ്രക്രിയ ആയിരുന്നു
അതുപോലെതന്നെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസവും സാമൂഹ്യ-സാമ്പത്തിക അവസ്ഥയും പഠിച്ച് ഭാവിയിലേക്കുള്ള മാർഗരേഖ നിർദ്ദേശിക്കുന്നതിനായി രൂപീകരിക്കപ്പെട്ടതാണ് ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ.
പശ്ചാത്തലവും കണ്ടെത്തലുകളും
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സംബന്ധിച്ച് വിവിധ സംഘടനകളും വ്യക്തികളും സർക്കാരിനു മുന്നിൽ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സീറോമലബാർ സഭ ഉൾപ്പെടെയുള്ള സഭാനേതൃത്വവും സാമൂഹിക സംഘടനകളും ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു. ഈ സാഹചര്യത്തിലാണ് ജെ.ബി. കോശി കമ്മീഷൻ രൂപീകരിച്ചത്.
റിപ്പോർട്ടിന്റെ പതിനാലാം പേജ് മുതൽ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ ഉപവിഭാഗങ്ങൾ നേരിടുന്ന സവിശേഷമായ പ്രശ്നങ്ങൾ വിശദമായി പ്രതിപാദിക്കുന്നു. പ്രധാനമായും നാല് മേഖലകളിലാണ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്.
വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ
ഉന്നതവിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ വിദ്യാർഥികളുടെ പങ്കാളിത്തം ജനസംഖ്യാനുപാതികമായി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രഫഷണൽ കോഴ്സുകളിൽ പ്രവേശിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പ്രധാന തടസമായി തുടരുന്നു. പ്രത്യേകിച്ച് തീരദേശ മേഖലകളിലും തോട്ടം തൊഴിലാളികളായ ക്രൈസ്തവ സമൂഹങ്ങളിലും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക സാഹചര്യങ്ങൾ
പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചുള്ള വലിയൊരു വിഭാഗം കർഷകർ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും വന്യജീവി ആക്രമണവും മൂലം ഗുരുതര പ്രതിസന്ധിയിലാണ്. അതുപോലെ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളായ ലത്തീൻ കത്തോലിക്ക സമൂഹം കടലാക്രമണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമൂഹിക സുരക്ഷ
ചെറുകിട കർഷകർക്കും തീരദേശവാസികൾക്കും അർഹമായ ക്ഷേമപദ്ധതികൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും ഉൾപ്പെടെയുള്ള സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ സംഘടനകൾക്കു കൂടുതൽ സർക്കാർ പിന്തുണ ആവശ്യമാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ റിപ്പോർട്ട് ഓരോ വിഭാഗത്തിന്റെയും സവിശേഷമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനാവശ്യമായ പ്രത്യേക പാക്കേജുകളും നിയമപരമായ പരിരക്ഷകളും നിർദേശിക്കുന്നു. പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കർ, ദളിത് ക്രൈസ്തവർ, മലയോര കർഷകർ, തീരദേശവാസികൾ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പ്രത്യേകം പഠിച്ച് അവർക്കായുള്ള പ്രത്യേക പരിഹാരമാർഗങ്ങൾ നിർദേശിച്ചിരിക്കുന്നു.
റിപ്പോർട്ടിന് രണ്ടു വാല്യങ്ങൾ
റിപ്പോർട്ടിന് രണ്ടു വാല്യങ്ങളാണുള്ളത്. 10 അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. ആമുഖ ഭാഗത്തിനുശേഷം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കുകയും തുടർന്ന് ലത്തീൻ ക്രൈസ്തവർ, പരിവർത്തിത ക്രൈസ്തവർ, കുട്ടനാട് മേഖല, മലയോര മേഖല, തീരദേശ മേഖല എന്നീ മേഖലകളുടെ പ്രത്യേക സാഹചര്യങ്ങൾ പ്രത്യേകം അധ്യായങ്ങളായി പഠിക്കുകയും ചെയ്യുന്നു. തുടർന്ന് ശിപാർശകളുടെ സമഗ്രസംഗ്രഹവും ഉപസംഹാരവും അനുബന്ധങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് സമാപിക്കുന്നു. തുടർന്ന് അവതരിപ്പിക്കുന്നത് ആ റിപ്പോർട്ടിന്റെ സമഗ്രമായ വിശകലനമാണ്.
അധ്യായം 1-ആമുഖം (Page: 1-13)
അധ്യായം 2-ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതു പ്രശ്നങ്ങൾ
(Page: 14-105)
അധ്യായം 3-ലത്തീൻ ക്രിസ്ത്യാനികൾ (Page: 106-126)
അധ്യായം 4-പരിവർത്തിത ക്രിസ്ത്യാനികൾ (Page: 127-150)
അധ്യായം 5-കുട്ടനാട് മേഖല (Page: 151-175)
അധ്യായം 6-മലയോര മേഖല (Page: 176-201)
അധ്യായം 7-തീരദേശ മേഖല (Page: 202-244)
അധ്യായം 8-ശിപാർശാസംഗ്രഹം (Page: 245-349)
അധ്യായം 9-ഉപസംഹാരം (Page: 350-357)
അധ്യായം 10-അനുബന്ധങ്ങൾ (Page: 358-364)
റിപ്പോർട്ടിന്റെ ഉള്ളടക്കം മനസിലാക്കുകയും അതിന്റെ സത്തയെ-ആത്മാവിനെ-സമൂഹജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ ലക്ഷ്യം കൈവരിക്കുന്നത്. അതിനാൽ ഈ റിപ്പോർട്ട് നമ്മെ എന്താണ് പഠിപ്പിക്കുന്നത്, അതിന്റെ ശിപാർശകൾ നമ്മുടെ സമുദായത്തിന്റെ ഭാവിയെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചാണ് അടുത്ത ഘട്ടത്തിൽ നാം കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടത്.
Kerala
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകളൊന്നും നടപ്പാക്കരുതെന്ന് വിഎച്ച്പി. തെരഞ്ഞെടുപ്പ് മുന്നില്കണ്ട് സംസ്ഥാന സര്ക്കാര് തത്വത്തില് അംഗീകരിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ട് നടപ്പാക്കരുതെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. അനില് വിളയിലാണ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടത്.
ബിഷപ്പുമാര് നല്കുന്ന സര്ട്ടിഫിക്കറ്റ് കണക്കിലെടുത്ത് ആയിരിക്കും റവന്യൂ വകുപ്പ് സമുദായ സര്ട്ടിഫിക്കറ്റുകള് നല്കുന്നത്. ഇതു മതപരിവർത്തനം അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്ക്കു കാരണമാകുമെന്ന വിചിത്രവാദവും വിഎച്ച്പി ഉന്നയിച്ചു. കമ്യൂണിറ്റി മാനേജ്മെന്റ് ക്വാട്ട കൂടുതല് നേടാനും ക്രൈസ്തവ മാനേജ്മെന്റുകള്ക്കു സാധിക്കുമെന്നും സംഘടന ആരോപിച്ചു.
മദ്രസാ അധ്യാപകര്ക്കുള്ള ക്ഷേമനിധിയുടെ മാതൃകയില് സണ്ഡേ സ്കൂള് അധ്യാപകര്ക്കും ക്ഷേമനിധി ഏര്പ്പെടുത്താന് കമ്മീഷന് റിപ്പോര്ട്ടില് ശിപാര്ശയുണ്ട്. എന്നാല്, ഹൈന്ദവ മതപാഠശാലകള്ക്കു ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ നടപടിയില്ല. കേന്ദ്രസര്ക്കാര് നിയമിച്ചിരിക്കുന്ന ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് കമ്മീഷന് റിപ്പോര്ട്ട് വന്ന ശേഷമേ ഇത്തരം വിഷയങ്ങളില് സര്ക്കാര് തീരുമാനം എടുക്കാവൂയെന്നും അനില് വിളയില് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വടക്കേ ഇന്ത്യയുടെ "ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന ആരവല്ലി കുന്നുകളെക്കുറിച്ച് കഴിഞ്ഞമാസം സുപ്രീംകോടതി അംഗീകരിച്ച നിർവചനത്തിൽ ചില വ്യക്തതകൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി അവധിക്കാല ബെഞ്ച്.
ആരവല്ലി കുന്നുകളെ സംബന്ധിച്ച മുൻ നിർദേശങ്ങളും ശിപാർശകളും താത്കാലികമായി സ്റ്റേ ചെയ്യുന്നതായും കോടതി ഇന്നലെ വ്യക്തമാക്കി. ഖനന ആവശ്യങ്ങൾക്കായി കുന്നുകളെ സംബന്ധിച്ച് മുൻ കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ ശിപാർശകളുടെ പരിസ്ഥിതിആഘാതം പഠിക്കുന്നതിന് ഉന്നതാധികാര വിദഗ്ധ സമിതി രൂപവത്രിക്കാനും കോടതി നിർദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരവല്ലി കുന്നുകളിൽ ഖനനം പുതുക്കുന്നതിനോ പുതിയ ഖനനം നടത്തുന്നതിനോ മുൻകൂർ അനുമതിയില്ലാതെ അംഗീകാരം നൽകരുതെന്നും കോടതി വ്യക്തമാക്കി.
ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ മാറ്റം വരുത്തിയ നവംബർ 20ലെ ഉത്തരവിനെത്തുടർന്ന് അനിയന്ത്രിത ഖനനവും പരിസ്ഥിതി ആഘാതവും ഉണ്ടാകുമെന്ന ആശങ്ക ഉടലെടുത്തതോടെ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അടുത്തമാസം 21ന് കേസിൽ വീണ്ടും വാദം കേൾക്കും.
കേന്ദ്രസർക്കാരിനോടും ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളോടും വിഷയത്തിൽ പ്രതികരണം തേടിയിട്ടുണ്ട്. മുൻ കമ്മിറ്റിയുടെ നിർവചനം നടപ്പാക്കുന്നതിനുമുന്പ് നിഷ്പക്ഷമായ വിദഗ്ധാഭിപ്രായം കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂനിരപ്പിൽനിന്ന് 100 മീറ്ററെങ്കിലും ഉയർന്നുനിൽക്കുന്ന കുന്നുകളോ 500 മീറ്ററിനുള്ളിൽ അകലം വരുന്ന രണ്ടോ അതിൽ കൂടുതലോ കുന്നുകളും അവയ്ക്കിടയിൽ വരുന്ന ഭൂപ്രദേശവും ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടാമെന്നായിരുന്നു നവംബർ 20ലെ സുപ്രീംകോടതി നിർവചനം.
എന്നാൽ രാജസ്ഥാനിലെ 12,081 കുന്നുകളിൽ 1048 എണ്ണം മാത്രമേ ഈ ഉയരപരിധി പാലിക്കുന്നുള്ളൂവെന്നും അതിനാൽ വ്യാപകമായ പരിസ്ഥിതി ചൂഷണം നേരിടുമെന്നുമാണ് ഇതിനെതിരേ രംഗത്തെത്തിയവർ ചൂണ്ടിക്കാട്ടിയത്. ഈ നിർവചനത്തിൽ ഉൾപ്പെടെ മുൻ കമ്മിറ്റിയുടെ ശിപാർശകൾ സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ഇന്നലത്തെ ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം കോടതിയുടെ മുൻ നിർവചനവും നിർദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും നടപ്പാക്കാനും സാധ്യതയുള്ളതായി പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി നടപടിയെ പൂർണമായും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. ആരവല്ലിയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരവല്ലിയുടെ നിർവചനം മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ സുപ്രീംകോടതി അതിൽ ഇടപെട്ടത് സ്വാഗതം ചെയ്യുന്നതായി കോണ്ഗ്രസ് വക്താവ് ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.